Ramesh S Warrier :: നാലു മണി മഴ

Views:

Image Credit :: Raji Chandrasekhar

കുട്ടി ഇന്ന് രാവിലെ കണക്കില്‍ ഒരു സംശയം  ചോദിച്ചിരുന്നു ,

അതും ധൃതി പിടിച്ചു ഓഫീസിലക്ക് ഇറങ്ങാന്‍ നേരത്ത്. വാർഷിക പരീക്ഷക്ക്‌  തയാറെടുക്കുന്ന അവള്‍ക്കു വേണ്ടി ഇന്ന് ലീവ് എടുക്കാമായിരുന്നു. ഓഫീസിലിരുന്ന് അവള്‍ ചിന്തിച്ചു . ഓഫീസിലേക്ക് തിരിക്കുന്നതിന്റെ തിരക്കില്‍ അത് തലയില്‍ ഓടിയില്ല ! സാരമില്ല വൈകിട്ട് ഒരു മണിക്കൂര്‍ നേരത്തെ ഇറങ്ങാം.

നേരത്തെ ഇറങ്ങുന്നതിനുള്ള തയ്യാറെടുപ്പ് നടത്തി ധൃതിയില്‍ ജോലി തീര്‍ത്തു. മാനേജരുടെ അടുത്തു നിന്നും പെര്‍മിഷന്‍ വാങ്ങി  നാല് മണിയായതും  ബാഗുമെടുത്ത്‌ ഇറങ്ങി. വരാന്തയില്‍  എത്തിയതും കുടം കമഴ്ത്തിയത് പോലെ ചന്നം പിന്നം മഴ.

ഈ സമയത്തിത് പതിവുള്ളതല്ലല്ലോ,

ഒന്ന് ശങ്കിച്ച് നിന്നു, എന്നിട്ട് വേഗം കുട നിവര്‍ത്തി മഴയത്തേക്കിറങ്ങി. പെരുമഴയില്‍ പാതി നനഞ്ഞ് ബസ്‌സ്റ്റോപ്പില്‍ എത്തിയതും അവളെ കാത്തെന്ന പോലെ ബസ്‌ നിന്നിരുന്നു.

ബസ്സില്‍ ഇരിക്കവേ ചിന്തിച്ചു... നശിച്ച മഴ!!! പിന്നെ ആലോചിച്ചു ശെരിക്കും മഴയാണോ പ്രശ്നം? പ്രകൃതിയുടെ ഏതെങ്കിലും ഒരു മാറ്റം നശിച്ചതാവുമോ?

അവള്‍ നമ്മുടെ അമ്മയല്ലേ അവളോടിണങ്ങി ജീവിക്കാതെ അവളോട്‌ സമരം ചെയ്യുന്നത് കൊണ്ടാണല്ലോ മഴയും, വെയിലും, മഞ്ഞും, കാറ്റും എല്ലാം നശിച്ചതാകുന്നത്.

ഷട്ടര്‍ എല്ലാം ഇട്ടിരുന്ന കാരണം മഴയായിട്ടും ബസ്സിനുള്ളിൽ ചുട്ടുപുകയുന്നുണ്ടായിരുന്നു, ആവിയടിച്ച് ഒരു കെട്ട മണവും. ഷട്ടർ ലേശം പൊക്കി പുതുമഴയുടെ മണവും തണുപ്പും തന്റെ ഉള്ളിലേക്ക് വലിച്ചെടുത്തു. ഷട്ടറിൽ തല ചായ്ച്ചിരിക്കവേ അവൾ ഓടുന്ന വണ്ടിയുടെ ഷട്ടറിൽ മഴയടിക്കുന്ന  ശബ്ദം കാതോർത്തു.

കുട്ടിക്കാലത്തുള്ള മഴയുടെയും മഴക്കാലത്തിന്റെയും ഓര്‍മ്മകള്‍ അവളിലേക്ക്‌ വന്നില്ല.

അല്ലെങ്കിൽ തന്നെ കുട്ടിക്കാലത്ത് ഓർത്ത് വയ്ക്കത്തക്കതായി അധികം ഒന്നും ഇല്ല.

നഗരത്തിലെ സർക്കാരുദ്യോഗസ്ഥരായ മധ്യവർഗ കുടുംബത്തിൽ ജനിച്ചു വളർന്നു, കോൺവന്റ് സ്കൂളിലെ അച്ചടക്കമുള്ള കുട്ടിയായി പഠിച്ച് നല്ല നിലയിൽ പാസായി. ജോലിയുമായി.

ദാരിദ്ര്യമില്ലായിരുന്നെങ്കിലും ഏതൊരു മധ്യവർഗ്ഗ കുടുംബത്തേയും പോലെ അനാവശ്യ ആകുലതയായിരുന്നു കുട്ടിക്കാലം മുഴുവന്‍. 
മത്സരം, താരതമ്യം പരീക്ഷ ... ഇതിനിടയിൽ എന്തിനെങ്കിലും സമയവും സാവകാശവുമുള്ളതായി അറിഞ്ഞിരുന്നില്ല.

കല്യാണം കഴിഞ്ഞതിനു ശേഷമാണ് നേരെ ചൊവ്വെ പുറത്തേക്കു നോക്കുന്നതു തന്നെ. ഒരു മഴ നനയുന്നതും, തട്ടുകടയിൽ ഒരു ചായ കുടിക്കുന്നതും, അപതാളത്തിൽ ഉറക്കെ പാടുന്നതും, പലതരം പക്ഷികളുടെ ശബ്ദം ആസ്വദിച്ച് കുറച്ച് നേരം കിടന്ന ശേഷം കിടക്കയിൽ നിന്നെഴുനേൽക്കല്‍, അങ്ങനെ എന്തെല്ലാം.

ഓരോന്നിങ്ങനെ ആലോചിച്ചിരിക്കവെ അവൾക്കിറങ്ങേണ്ട ബസ്റ്റോപ്പെത്തി അപ്പോഴേക്കും ബസ്സിനുൾവശം ഒന്ന് തണുത്തിരുന്നു. ബസ്സിറങ്ങി ഒരഞ്ചു മിനിറ്റു നടക്കാനുണ്ട് വീട്ടിലേക്ക് . പത്തിരുപതു കടമുറികളുള്ള ഒരു ചെറിയ അങ്ങാടി കടന്നു വേണം വീടു പിടിക്കാൻ. മഴയിൽ നിന്നു് രക്ഷ നേടാനായി ചെറിയ കടകളില്‍ പലതിന്റെയും മുമ്പിൽ നീല പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചു കെട്ടിയിരിക്കുന്നു. അത്യാവശ്യം കനത്തിൽ മഴ പെയ്തതു കൊണ്ട് അഴുക്കൊലിച്ചു പോയ് പൂഴിമണൽ പാത തെളിഞ്ഞ് കിടന്നിരുന്നു. പാദത്തിനൊപ്പം  കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ അവൾ ആസ്വദിച്ചു നടന്നു. മഴ ചാഞ്ഞും ചരിഞ്ഞും പെയ്യുകയാണ്, ഇടക്ക് കാറ്റടിച്ച് ആകെ നനഞ്ഞു, കുടയുണ്ടായിട്ടും.

ആ ചെറുകവലയിലെ മനുഷ്യരുടെ ഭാവങ്ങൾ പലതായിരുന്നു. ചിലർ പെട്ടന്നു വന്ന മഴയിൽ കച്ചവടം മുടങ്ങിയതിന്റെ മുഷിപ്പിൽ നിൽക്കുന്നു, ചിലരെല്ലാം മഴിയിൽ നിന്ന് രക്ഷനേടാൻ അടുത്തുള്ള കടത്തിണ്ണയിൽ കയറി നിൽപ്പുണ്ട്, ടാർപ്പായിൽ കെട്ടികിടക്കുന്ന വെള്ളം കമ്പ് കൊണ്ട് കുത്തിക്കളയുന്നുണ്ട് ചിലർ. ടാർപ്പാ വലിച്ചുകെട്ടിയ കടത്തിണ്ണയിൽ രക്ഷ നേടിയ ചിലരെല്ലാം അവിടെ വിൽപ്പനക്കു വച്ചിരിക്കുന്നതു ഗൗനിച്ച് ചിലതെല്ലാം വാങ്ങുന്നുണ്ട്.

എല്ലാ മുഖഭാവങ്ങൾക്കും ഉള്ള പ്രധാന രസം ആകുലതയായിരുന്നു, കുട്ടികളിലൊഴിച്ച്. അവർ ആ മഴ ആസ്വദിക്കുകയാണെന്ന് തോന്നി, ഒരു കുടക്കിഴിൽ നാലും അഞ്ചും കുട്ടികൾ തോട്ടിൽ ഒഴുകുന്ന പായൽക്കുട്ടം പോലെ  ഏതാണ്ട് മുഴുവനായി തന്നെ നനഞ്ഞു നടക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളം തെറിപ്പിച്ചു കൊണ്ട്, ഓട്ടിൻ പുറത്തു നിന്ന് കുടം കമയ്ത്തി യതുപോലെ വീഴുന്ന വെള്ളത്തിൽ നിന്നൊഴിയുന്നതായി ഭാവിച്ച് പൊയ്ക്കൊണ്ടിരുന്നു. വീട്ടുകാരുടെയും നാട്ടുകാരടെയും ഭള്ളു പേടിച്ചിട്ടാണോ അവർ കുടക്കീഴിൽ കയറുന്നതായി ഭാവിക്കുന്നതെന്നു തോന്നി.

കാഴ്ച്ച കണ്ടും മഴ ആസ്വദിച്ചും വീടെത്താറായത് അറിഞ്ഞില്ല, ദൂരം ലേശം കുറഞ്ഞോ?

ഗേറ്റ് തുറന്ന് വീട്ടിൽ കയറി ചെന്നപോൾ മുറ്റത്ത് മാമ്പഴം വല്ലതും പൊഴിഞ്ഞ് കിടപ്പുണ്ടോ എന്ന് കണ്ണുകൊണ്ട് പരതി. പക്ഷെ ഒന്നും കണ്ടില്ല!  ഈ കാറ്റൊക്കെ അടിച്ചിടും മാമ്പഴം ഒന്നും വീണില്ലല്ലോ? അവൾ അത്ഭുതപ്പെട്ടു.

ഇനി വഴിയേ പോകുന്ന സ്കൂൾ പിള്ളാരു വല്ലതും പറക്കിയതാണോ? ഏതാണ്ട് മുക്കാൽ ഭാഗവും നനഞ്ഞിരുന്നതിനാൽ വേഗം പൂട്ടുതുറന്ന് ബാഗ് കസേരയിൽ വച്ച് അത്യാവശ്യം തുണിയെല്ലാമെടുത്ത് നേരെ കുളിമുറിയിലേക്ക് കയറി. അടുക്കളയിൽ ലൈറ്റെരിയുന്നത് പോകുന്ന പോക്കിൽ ശ്രദ്ധിക്കാതിരുന്നില്ല. മോൾ ഊണ് കഴിക്കാൻ വന്നപ്പോൾ ഓൺ ചെയ്തതാകും, ഓഫാക്കാൻ മറന്നിട്ടുണ്ടാകും.

വേഗം ഒരു കുളി കുളിച്ച് നൈറ്റിയിലേക്ക് ആവാഹിച്ചു. "ഒരു ചൂടുകാപ്പി കിട്ടിയിരുന്നെങ്കിൽ!, തൽക്കാലം വേണ്ട മോൾ രാവിലെ സംശയം ചോദിച്ചതാണ് അത് തീർത്തിട്ട് ബാക്കി കാര്യം, കുറച്ചു സമയം അവളുടെ കൂടെ ഇരിക്കാം, എന്നിട്ട് അത്താഴ പരിപാടിയിലേക്കു കടക്കാം." ജോലികൾ ഒർത്തപ്പോൾ തല പെരുത്തു.

കുളിമുറി തുറന്നു പുറത്തിറങ്ങിയതും അവളെ ഞെട്ടിച്ചു കൊണ്ട് ഒരു കപ്പ് ചൂടു കാപ്പിയുമായി കെട്ടിയോൻ!

ഇതെന്താ ഇന്ന് ഓഫീസിൽ പോയില്ലെ? കാപ്പിക്കപ്പ് അവളുടെ കൈയിൽ കൊടുത്ത് സ്വതസിദ്ധമായ ഒരു കള്ളച്ചിരിയോടെ അയാൾ പറഞ്ഞു,

മോൾ രാവിലെ സംശയം ചോദിച്ചത് ഞാനും കേട്ടിരുന്നു, ഇന്ന് ലീവാക്കി അതിനൊരു നിവർത്തിയുണ്ടാക്കാമെന്നു വച്ചു. വാടോ നമുക്ക് വരാന്തയിലിരുന്ന് മഴയുടെ പാട്ട് കേൾക്കാം. 

ഇങ്ങേരിങ്ങനെയാണ് വേണമെങ്കിൽ അറിഞ്ഞ് ചെയ്യും ഒരു ദേശസാൽകൃത ബാങ്കിൽ മാനേജരാണ്, ഈയ്യിടെയായി ഓഡിറ്റിന്റെയൊ മറ്റോ തിരക്കുണ്ടെന്ന് പറഞ്ഞിരുന്നു, അതു കൊണ്ട് തന്നെ താമസിച്ചാണ് വരാറുള്ളത്. പക്ഷെ ഇന്ന് ലീവെടുക്കുമെന്ന് വിചാരിച്ചില്ല!

ചൂടു കാപ്പി ഊതി കുടിക്കവേ അവൾ ഭർത്താവിനെ ഒരു പാളി നോക്കി, ചാരുകസേരയിൽ കിടന്ന് ഏതോ പുസ്തകത്തിൽ മുഴുകി കഴിഞ്ഞിരിക്കുന്നു. മഴയാസ്വദിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല, അത്താഴം വെക്കണം !

കാപ്പി ക്കപ്പുമായി അടുക്കളയിലേക്കു ചേന്നപ്പോഴേ മാമ്പഴത്തിന്റെ മണം. സ്റ്റൗവിൽ രണ്ട് പാത്രങ്ങൾ അടച്ചു വച്ചിട്ടുണ്ട്, രസ്യൻ മാമ്പഴ പുളിശേരിയുടെ മണം, അടുത്തതിൽ പയറു മെഴുക്ക്പുരട്ടിയത്.

അവൾ വരാന്തയിലേക്ക് ചെന്നു,  അയാൾ പുസ്തകത്തിൽ നിന്നും കണ്ണെടുത്ത് ഒരു കള്ളച്ചിരി ചിരിച്ചു.

അവൾ അയാൾക്കരികിലിരിക്കവെ മൂർദ്ധാവിൽ ഒരു മുത്തം കൊടുത്തു! മഴയുടെ സംഗീതം ആസ്വദിച്ചു കൊണ്ടേയിരുന്നു.





No comments: