Aswathy P S :: ഒഴുക്കിന്‍റെ ഓണം

Views:


ഓണക്കാലമാണ്...  ഓർമ്മകളുടേയും.

ഒത്തൊരുമയുടെ ഒരുപാടൊരുപാട് ഓണമുണ്ടവർക്ക്, ഒളിമങ്ങാത്ത ഓർമ്മകൾ തന്നെയാണ്,  ഓണക്കാലത്ത് മനസ്സിന്‍റെ  രുചി മുകുളങ്ങളിൽ ഇരട്ടിമധുരമിറ്റിക്കുന്നത്..

ഓണം ഒത്തുചേരലാണ്.. ഒത്തു ഇരിയ്ക്കലാണ്... ഒത്തു ഉണ്ടാക്കലാണ്... ഒത്തു ഉണ്ണലാണ്... ഒരുമിയ്ക്കൽ തന്നെ ഓണം.

പക്ഷേ...!!!
ഒപ്പം ഉണ്ടായിരുന്നവർ കൂടെയില്ലാതെ...
കരളിൽ കാർമേഘമൊഴിയാതെ...
കവിളിൽ കണ്ണീരുപ്പുണങ്ങാതെ...
ഉറ്റവരെ ഒന്നാകെ ഒഴുക്കി കടന്നു പോയ പ്രളയം ബാക്കി വെച്ച ചിലർ...

കവളപ്പാറയിലെ മണ്ണടക്കുകൾക്കിടയിൽ
എന്നെന്നേക്കുമായി ആണ്ടുപോയ ജീവനും ജീവിതങ്ങളും.

ചുണ്ടോടൊട്ടിയ അമ്മിഞ്ഞയുടെ ഒഴുക്ക് നിലച്ചതറിയാതെ
വർത്തമാനത്തിൽ ചേതനയറ്റു പോയ ഭാവിയിലെ വാഗ്ദാനം...

പ്രണയച്ചൂടേറ്റ് പുണർന്നുറങ്ങിയ നെഞ്ചിലെ ചൂടകന്നതറിയാതെ എന്നേക്കുമായി പരസ്പരം അലിഞ്ഞിറങ്ങിയവർ...

കൈവിരൽ തുമ്പിൽ തൂങ്ങിയാടിയ ഇളം കൈകൾ
ഒരു കൈയകലത്തിൽ  നിശ്ചലമായതറിയാതെ,
ചെമ്മൺ ചുഴികളിൽ ആഴ്ന്നു പോയ മറ്റൊരു തീരാനോവ്...

ഉമ്മറക്കോലായിൽ ചാഞ്ഞു കിടന്നിരുന്ന വാർദ്ധക്യവും...
വീട്ടുവളപ്പിൽ ഓടിക്കളിച്ചിരുന്ന ബാല്യവും...
അടുക്കളത്തളത്തിൽ ധൃതികൂടിയ യൗവനവും...
പുസ്തകത്താളിൽ പാതി മയങ്ങിയ കൗമാരവും
എല്ലാം ഒറ്റ നിമിഷത്തിൽ മണ്ണോടലിഞ്ഞു.

പ്രഹരം കനത്തത്.
നഷ്ടം നികത്താനാവാത്തതും.
ഏത് തീവ്ര വിവരണവും എത്ര സൂക്ഷ്മ ചിത്രീകരണവും
അർത്ഥശൂന്യം... അപര്യാപ്തം,
പ്രളയം കൊണ്ടറിഞ്ഞവന്‍റെ ഉള്ള് പകർത്താൻ.

താണ്ടവമാടിയ പ്രളയ പെയ്ത്തിന് ആകുമോ,
പ്രിയരുടെ വിയോഗം ഉറപ്പിക്കുവാൻ പോലും ആകാതെ,
കാലം ക്രൂരത കാട്ടിയ കരളുകളുടെ കനല് കെടുത്താൻ?

കാലം തന്നെ മറച്ചു പിടിക്കട്ടെ, മനസ്സിലെ മായാത്ത മാരക ദൃശ്യങ്ങൾ...

കാലം തന്നെ മായ്ച്ചു കളയട്ടെ, നെഞ്ചിലെ നോവിന്‍റെ നെരിപ്പോട്....

കാലം തന്നെ മുന്നോട്ടുരുട്ടട്ടെ, പാതി വഴിയിൽ പുതഞ്ഞ ജീവിത ചക്രങ്ങളെ.




9 comments:

ardhram said...

നല്ലെഴുത്ത്, ഇതും കടന്നു പോകും എന്ന പ്രതീക്ഷ ചിന്തനീയം, എഴുത്തിന്റെ ശക്തി പ്രളയം പോലെ, വാക്യ വശ്യത പ്രണയം പോലെ എല്ലാ ഭാവുകങ്ങളും

Aswathy P S said...

നന്ദി... വായനയ്ക്കും വാക്കുക
ൾക്കും.

Raji Chandrasekhar said...

അസാദ്ധ്യമായ ഭാഷ, കരളിലേക്കാഴ്ന്നിറങ്ങുന്ന വാക്കുകൾ...

Raji Chandrasekhar said...

സിദ്ധിക്ക് സർ പറഞ്ഞതു വളരെ വാസ്തവം. അത് എഴുത്താൾക്കു കൂടുതൽ പ്രചോദനമാകട്ടെ

ardhram said...

സന്തോഷം മാത്രം

Aswathy P S said...

നന്ദിയാണെൻ ഉള്ളുനിറയെ.

Raji Chandrasekhar said...

എന്നും എഴുതണേ

Kaniya puram nasarudeen.blogspot.com said...

നല്ല വരികൾ
മനസ്സിലേക്ക് ഒഴുകിയിറങ്ങുന്നു
കവി നമ്മെയും വേദനിപ്പിക്കുന്നുനു
നടുക്കാനും വേദനിപ്പിക്കാനും കഴിയുക എന്നത് ഒരു എഴുത്തിൻറെ കരുത്താണ്
ആശംസകൾ

Aswathy P S said...

നന്ദി. നല്ല വാക്കുകൾക്കും .... അത് എഴുതുവാൻ കാട്ടിയ മനസിനും. ഒഴുകിയിറങ്ങിയെങ്കിൽ അവ വാക്കുകളല്ല, വേദനയാണ് ... വിങ്ങലാണ് . വേദനിക്കുവാനല്ലേ വിധിയുള്ളൂ നമുക്കവരെയോർത്ത്