Yamuna Gokulam :: ബാല്യം

Views:



മാനസമാകുമാ തെളിവാനം തന്നിലായ്
കാണുന്നു ഞാനെന്‍റെ ബാല്യകാലം.....
ചിത്ര പതംഗമായ് പാറിപ്പറന്നൊരാ
വർണപ്പകിട്ടാർന്ന നല്ല കാലം....


അച്ഛന്‍റെ തണലിലായ് അമ്മ തൻ ചൂടേറ്റ്
അല്ലലറിയാതിരുന്ന കാലം...
കുസൃതികളൊക്കെയും കാട്ടി നടന്നിട്ട്
തല്ലേറെ വാങ്ങിപ്പിടിച്ച കാലം...


പുസ്തകത്താളിലെ മയിൽപ്പീലിത്തുണ്ടുകൾ
പെറ്റു പെരുകുമെന്നോർത്തകാലം...
വളപ്പൊട്ടിൻ വർണവും തീപ്പെട്ടിച്ചിത്രവും
നിധികളായ് സൂക്ഷിച്ച ബാല്യകാലം....


പൂക്കളം തീർക്കുവാൻ കൂട്ടരുമായൊത്ത്
പൂവിളി കൂട്ടി നടന്ന കാലം...
എത്താത്ത കൊമ്പിലെ പൂക്കളിറുക്കുവാൻ
കഴിയാതെ കണ്ണു നിറച്ച കാലം...


പൂമരക്കൊമ്പേറി പൂമഴ പെയ്യിച്ച
ചങ്ങാതിയുള്ളൊരാ ബാല്യകാലം...
ആയത്തിലാടുന്നൊരൂഞ്ഞാലിൽ വാനത്തെ
തൊട്ടു പറക്കാൻ കൊതിച്ച കാലം...


തുള്ളിക്കൊരു കുടമെന്ന പോൽ പെയ്യുമാ
മഴയേറ്റു കുളിരൊന്നണിഞ്ഞ കാലം...
കടലാസുതോണിയിൽ കുഞ്ഞനുറുമ്പിനെ
അക്കരെ കാണാനയച്ച കാലം...


മാരിവില്ലിന്‍റെയാ ഏഴു വർണങ്ങളും
കണ്ടങ്ങു വിസ്മയം പൂണ്ട കാലം...
പുൽത്തുമ്പിൽ തങ്ങുന്ന മഞ്ഞിൽ കണങ്ങളിൽ
പാദം പതിച്ചു നടന്ന കാലം...


മാമ്പൂ മണക്കുന്ന നാട്ടിടവഴിയിലായ്
കുയിലിന്‍റെ പാട്ടൊന്നു കേട്ട കാലം...
കല്ലുപ്പുകൂട്ടി കഴിച്ചൊരു മാങ്ങതൻ
രുചിയൊന്നു നാവിലുറഞ്ഞ കാലം....


കൂടെ നടന്നൊരാ അമ്പിളിമാമന്‍റെ
ചാരത്തണയാൻ കൊതിച്ച കാലം..
കണ്ണു ചിമ്മുന്നൊരാ നക്ഷത്രക്കുഞ്ഞുങ്ങൾ
സ്വപ്നത്തിൽ വന്നു വിളിച്ച കാലം...


എവിടെ മറഞ്ഞിന്നാ കാഴ്ച്ചകളൊക്കെയും
ഓർമയിലിന്നും ഞാൻ തേടിടുന്നു...
അത്രമേൽ സ്നേഹിക്കയാണിപ്പൊഴും ഞാനവ
നഷ്ട സ്വപ്നങ്ങളെന്നോർത്തിടാതെ....🙏






No comments: