Anandakuttan :: കവിത :: തണ്ണീർ നൊമ്പരം.

Views:


കുട്ടി :- "ഏകയായ് നിൽക്കുന്ന പൊൻപനിനീർച്ചെടി,
ഏകാന്തവാസമോ നിൻ കൗതുകം ?
എകനായ് വന്നെത്തി പൂന്തേൻ നുകർന്നൊരാ
പൂമ്പാറ്റ നിന്നോടെന്തു ചൊല്ലി.?"

ചെടി :- "തേനിന്നു മാധുര്യം തീരെയില്ലെന്നുമെൻ,
പൂമണം പാടെ കുറഞ്ഞു പോയെന്നും,
അയലത്തു നിന്ന പനിനീർപ്പൂവുകൾ,
അകലത്തു പറയാതെ പോയ് മറഞ്ഞെന്നും,
അങ്ങനെ ഓരോരോ വ്യാഴങ്ങൾ ചൊല്ലീ
അവൻ വേഗേന പാറിപ്പറന്നു പോയി. "

(മണ്ണിൽ തണ്ണീർ കുറഞ്ഞു പോയോ?
മാനത്തു മഴ മേഘം മാഞ്ഞു പോയോ?
ഇലകളും പൂക്കളും സൂര്യതാപത്താൽ
കൊഴിഞ്ഞു കരിഞ്ഞു മറഞ്ഞു പോയോ?)

കുട്ടി :- "മണ്ണിലെ വെള്ളം വലിച്ചു കുടിക്ക നീ,
നിൻ മാനസം വേഗം തണുത്തീടട്ടേ..
അപ്പോൾ തേനിന്നു മധുരമുണ്ടാകും,
പൂമണം പൂവിന്നേറെയുണ്ടാകും.."

ചെടി :- "മണ്ണിൽ വെള്ളം തീരെയില്ലുണ്ണീ,
പിന്നെ ഞാനെങ്ങനെ കുളിരേകിടും?
താഴോട്ടു മണ്ണിലേക്കോടിയെൻ വേരുകൾ
തണ്ണീരു കാണാതെ കാത്തുനില്പു.
മണ്ണിന്നു പോലും വെള്ളമില്ലെന്നവർ (മണ്ണ്)
മാലോകരോടിന്നുകേഴുന്നുണ്ടോ?

തണ്ടുകൾ തീരെമെലിഞ്ഞതു കാണുമ്പോൾ
താങ്ങാനെനിക്കൊട്ടുമാവില്ലുണ്ണീ.
ഇലകൾ വാടിക്കുഴഞ്ഞുനില്ക്കുന്നതും
പുക്കൾ കരിഞ്ഞു നിറം മങ്ങി നില്പതും
ഉണ്ണിക്കും കാണുവാനാകുമല്ലോ?
എല്ലാം ഗ്രീഷ്മകാലത്തിന്റെ നൊമ്പരങ്ങൾ!!

ഒരു കുമ്പിൾ തണ്ണീരു കിട്ടിയില്ലെങ്കിൽ
ഞാനുമുടനെ തളർന്നു വീഴും.
പൂക്കൾ വിടർത്തുവാൻ പുമണം
വീശുവാനെനിക്കിനിയും നാളുകൾ ജീവിക്കണം..
ആശ തീർന്നില്ലെനിക്കുണ്ണിയീമണ്ണിൽ
ജീവിതമിനിയെത്ര ബാക്കി നില്പൂ .."

അതു കേൾക്കെയുണ്ണിക്കു പിടഞ്ഞു നെഞ്ചക ,
മറിയാതെ കണ്ണു നിറഞ്ഞു .
വെക്കം വീട്ടിലേക്കോടിയുണ്ണി
ഒരു കിണ്ണം തണ്ണീരു താങ്ങിയെത്തി.
കുഞ്ഞുകൈക്കുമ്പിളിൽ കോരി മെല്ലെ 
ഉണ്ണിയച്ചെടിയെപ്പതിയെ നനച്ചു നിന്നു.

'നന്ദി പറയുവാനാച്ചെടിച്ചില്ലകൾ
മന്ദമായി ചാഞ്ചാടിയാടി നിന്നു.'

ആനന്ദത്തോടെയാ കാഴ്ച കണ്ടമ്മ
"പൊന്നേ നീ ചെയ്തതു പുണ്യം ,
തണ്ണീർ നമുക്കൊട്ടുമില്ലെങ്കിലും,
ആ ചെടിക്കണ്ണീർ ഒട്ടൊന്നു മാറുമല്ലോ.
തണ്ണീരുള്ളതു പകത്തു നൽകി നമുക്ക്
നമ്മാലാവും വിധം നന്മ ചെയ്യാം.

ചെടികളും പൂക്കളും ചേർത്തു നമുക്കൊരു
ചേലുള്ളൊരാലയം തീർത്തു കൂടാം."

--- ആനന്ദക്കുട്ടൻ മുരളീധരൻ നായർ
(1/02/2019 വെള്ളിയാഴ്ച)



3 comments:

Raji Chandrasekhar said...

'നന്ദി പറയുവാനാച്ചെടിച്ചില്ലകൾ
മന്ദമായി ചാഞ്ചാടിയാടി നിന്നു.'

പ്രമേയം വളരെ ഋജുവായ ഭാഷയില്‍ അവതരിപ്പിക്കാനുള്ള താങ്കളുചെ സിദ്ധി അപാരമാണ്....

ANANDAKUTTAN M said...

വളരെ നന്ദി , സർ , താങ്കളുടെ അഭിപ്രായത്തിനു്.

NandanaAs said...

Oh my God.super lines