Views:
മുറ്റത്തെ മാവിൽ, മാമ്പഴം കണ്ടപ്പോൾ
ഉണ്ണിക്ക് തിന്നുവാൻ മോഹമായി.
പഴുത്തു ചുവന്നു തുടുത്തൊരു മാമ്പഴം
ഉണ്ണീടേ വായിൽ വെള്ളമേറ്റി.
ആരാനും വന്നെത്തി മാമ്പഴമിട്ടെങ്കിൽ
ഉണ്ണിക്കു രുചിയോടെ തിന്നീടാമേ.
മാവിന്നിലകൾ മറച്ചൊരാ മാമ്പഴം
കാകനുമണ്ണാനും കണ്ടതില്ല.
പെട്ടെന്നൊരു കാകൻ മാവിൽ പറന്നെത്തി
കൊമ്പിലാ ചില്ലയിൽ വന്നിരുന്നു.
ചില്ല കുലുങ്ങി മാമ്പഴം വീണപ്പോൾ
ഉണ്ണിക്കൊടുങ്ങാത്ത സന്തോഷമായി.
മാങ്ങയെടുത്തുണ്ണിയുല്ലാസമോടെ
അമ്മതൻ ചാരത്തേക്കോടിയെത്തി.
"അമ്മേ നമുക്ക് മാമ്പഴം തിന്നിടാം,
അച്ഛനേം, പോയി ഞാൻ കൂട്ടിടട്ടേ " .
"ആരാണു മാമ്പഴമിട്ടതുണ്ണി ? " - "ഒരു
കാകനാണിട്ടതെ"ന്നുണ്ണി ചൊല്ലി.
"പാവമാകാകൻ വിശന്നിട്ടാകാം
ആ മരച്ചില്ലയിൽ വന്നതെങ്കിൽ ,
മോനേ മാമ്പഴമതിന്നു നൽകു,
നിനക്കമ്മ രുചിയേറും പാലു നൽകാം".
കൊതിയേറെയുണ്ടെങ്കിലും പാവമുണ്ണി
മാമ്പഴം മുറ്റത്തേക്കിട്ടുവല്ലോ.
അതു കണ്ട കാകൻ 'കാ കാ 'എന്നു പാടി
മുറ്റത്ത് വേഗത്തിൽ പാറിയെത്തി ,
മാമ്പഴം കൊത്തിപ്പറന്നു പോയി.
ഉണ്ണിക്കു സങ്കടം വന്നെങ്കിലും പാവം
കാകന്നു വിശപ്പൊട്ടു മാറിടട്ടേ.
എന്നാശ്വസിച്ചുണ്ണി, കൊഞ്ചലോടെ ,ഇനി
മാമ്പഴമുണ്ടോയെന്നന്വേഷിച്ചു.
"ഇവിടില്ല മാമ്പഴം " , അമ്മ ചൊല്ലി ,
"മുറ്റത്തു പോയി മാവിലേക്കൊന്നു നോക്കു."
ചില്ലകൾ നോക്കി പരതിയുണ്ണി
ആ മരച്ചോട്ടിൽ വട്ടമിട്ടു.
മാമ്പഴമെങ്ങാനുമാ മരച്ചില്ലയിൽ
പാത്തുപതുങ്ങി നിൽക്കയാണോ?
ഇനിയില്ല മാമ്പഴമെന്നറിഞ്ഞപ്പോൾ
ഉണ്ണിക്ക് സങ്കടമേറെയായി.
"മാമ്പഴക്കാലമിനിയുമെത്തും പൊന്നേ "
ഉണ്ണിയോടുച്ചത്തിലമ്മ ചൊല്ലി.
അതു കേൾക്കേ സാന്ത്വനമോടെയാ പൈതൽ
തഴുകിത്തലോടിയാ മാമരത്തെ .
No comments:
Post a Comment