Skip to main content

Posts

Showing posts from November, 2014

ശൈത്യ പുലരി പറഞ്ഞത്

ഒരു ചെറുകിളിയുടെ നേര്‍ത്ത പാട്ടിലൂടൊ- ഴുകിയെത്തുന്നു ഒരു ചെറുസുഗന്ധം. ഋതുക്കള്‍ക്കുമപ്പുറം ഒരു കാണാക്കാഴ്ച്ച പോല്‍ ഒരു മുകുളം മിഴി തുറക്കും സുഗന്ധം. വര്‍ണാഭമാണാ വസന്തകാലം എന്ന് ആ ഗാനശകലങ്ങള്‍ കൊതിപ്പിക്കുന്നു കൊതിയോടെ കാത്തിരിക്കും സര്‍വ്വവും  വസന്തത്തെ വരവേല്‍ക്കാന്‍ പാര്‍ത്തിരിക്കും യൗവ്വന പടിവാതിലെത്തി നില്‍ക്കുന്നൊരു നിറകുടമാണത്രേ വസന്തകാലം. ചിരിക്കുന്ന പൂക്കള്‍ക്കു ചുറ്റിലും പാറുന്നു വര്‍ണ്ണശലഭങ്ങള്‍ തേന്‍കിളികള്‍ സുഗന്ധം പരത്തി പറന്നു നീങ്ങും ചെറുതെന്നലും തെന്നലിന്‍ മൂളിപ്പാട്ടും കൊക്കോടു കൊക്കുരുമ്മിക്കൊണ്ട്സഖിയോട് സൗഹൃദം പകരുന്ന നാളിന്റെ സ്മരണയും വയലും വഴികളും നിറയ്ക്കും പൂപ്പുഞ്ചിരി ഏറ്റുവാങ്ങീടുന്ന പൈതലിന്‍ വദനവും ആര്‍പ്പുവിളികളും താളമേളങ്ങളും ബാലാര്‍ക്കനേകുന്ന പൊന്‍കിരണങ്ങളും കരള്‍ കുളിര്‍പ്പിക്കുന്ന ഓര്‍മ്മയിലെ നഷ്ടങ്ങള്‍  ഒഴുകിയെത്തുന്നു ആ പാട്ടിലൂടെ. കെട്ടുകഥ പോലെ തോന്നാമെനിക്കവ കേള്‍ക്കാന്‍ കൊതിക്കുന്ന കെട്ടുകഥ. ഞാനും വരുന്നുണ്ട് ആദികാലം തൊട്ട് ഞാനിവയെങ്ങുമേ കണ്ടതില്ല. കൊഴിയുന്ന ഇലകള്‍ ചപ്പായി കിടക്കുന്നു ...

പിറവി

സുന്ദരം, സുഖദം, നൈമിഷികം, വേദനയുടെ പര്യായം – പൊരുളറിയണ ജനനി. കഷ്ടതയുടെ ഉൾക്കിടിലം, കർമ്മത്തിന്റെ ഉരുവും, ശാസ്ത്രത്തിന്റെ നേരറിവ്,  സത്യാന്വേഷണത്തിന്റെ പൊരുളും. കനിവുതേടി കരയുന്ന പിറവിയുടെ മായാജാലം, വന്യമാർന്ന ധന്യതയുടെ നൈമിഷിക സാക്ഷ്യം. കർമ്മപൂരണത്തിന്റെ അസ്വസ്ഥ ജഠിലത, കനിവിന്റെ അനുതാപം,  പിറവിയെന്ന സാർത്ഥക സ്വപ്നം. നാവിൽ നിറയുന്ന മധുരിമയുടെ ചിരി, നിനവിൽക്കിട്ടിയ സാർത്ഥക സ്വപ്നം. നിറച്ച പാനപാത്രം നുകർന്ന പുതുമയുടെ ചന്തം, ഓർമ്മച്ചെപ്പിൽ നിറഞ്ഞ പാനത്തിന്റെ സുഖദചിന്ത. സ്വപ്നം സാർത്ഥകമായ നൈമിഷികത, നിദ്രമാറിയ നിറവിന്റെ നിഴൽച്ചിരി. കൗതുകം പേറിയ അന്ത:ചിദ്രത്തിന്റെ അസ്വസ്ഥത, മറനീക്കി ചിരിയുടെ കൗതുകം പേറിയ സ്വസ്ഥത. അനിൽ ആർ മധു ---000--- 

എന്റെ ഏട്ടനു വേണ്ടി.....

ഞാൻ കവിയും സാഹിത്യകാരിയുമൊന്നുമല്ല. എന്നിട്ടും മലയാളമാസിക യിലേയ്ക്ക് എന്തെങ്കിലും എഴുതണമെന്ന് ഏട്ടൻ എന്നെ എന്നും നിർബന്ധിക്കും. പത്രം വായിക്കുമെന്നല്ലാതെ മറ്റൊന്നും ഞാൻ വായിക്കാറുമില്ല. ടി വി സീരിയലുകളിലാകട്ടെ, ഒട്ടുമില്ല താത്പര്യം.  ഒരു കാര്യം പറയാതെ വയ്യ !  നല്ലൊരു അദ്ധ്യാപികയാകാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്, നന്നായി പരിശ്രമിക്കുന്നുമുണ്ട്. ഇന്നു മുതൽ എട്ടന്റെ മലയാളമാസിക യിൽ എട്ടനോടൊപ്പം ഞാനും ചേരുന്നു, എന്റെ ഏട്ടന് ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതി, ഞാൻ ഒരുക്കിക്കൊടുക്കുന്ന രുചിക്കൂട്ടകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ.... വായിക്കുമല്ലൊ. ശുഭാ രജി ---000---

ഇന്നലെ

---000--- അരവിന്ദ് എം. പുന്നവിളാകം

ഋതുഭേദം :: രാജലക്ഷ്മി

അമർഷത്തിന്റെ  ഖരാക്ഷരങ്ങളാണല്ലൊ പിറക്കുന്നത്. ആത്മസുഗന്ധം ഇഴചേർന്ന ഭാവഗീതങ്ങൾ ഒന്നുമില്ലെന്നോ നഷ്ടസ്വർഗ്ഗത്തിലെ  മാലാഖമാർ ചേക്കേറിയിരുന്നത്  കവിഹൃദയത്തിലെ  നനുത്ത ചില്ലയിലായിരുന്നു. കരിന്തിരി കത്തുന്ന കണ്ണുകളിൽ കവിത പ്രതീക്ഷയുടെ സ്നേഹം പകർന്നിരുന്നു. നിറകുംഭവുമായി രാഗകന്യകൾ കവിയുടെ കാല്പാടുകൾ പിന്തുടർന്നിരുന്നു. ഭാരമേറ്റിയ കേവഞ്ചി പോലും ഓർമ്മയുടെ ഓളപ്പരപ്പിൽ ഇളകിയാടിയിരുന്നു. പെയ്തൊഴിയാത്ത വേദനയുടെ മൺകുടിലിലും സാന്ത്വനത്തിന്റെ തെളിനീരായി കവിതയുടെ കാലൊച്ച കേട്ടിരുന്നു. ഉറങ്ങാത്ത രാവിന്റെ നെടുവീർപ്പുകളെ തലോടി മറുമരുന്നേകുവാൻ കവിതയ്ക്ക് കൈപ്പുണ്യമുണ്ടായിരുന്നു. നാടൻശീലിന്റെ ഈണത്തിൽ പറയേണ്ടതു പറയാൻ കവിതയ്ക്കു കരളുറപ്പുണ്ടായിരുന്നു. പാട്ടുമാത്രം കൊതിച്ച് പാതിരാവോളം ഉണർന്നിരുന്ന  കവിയുടെ കൂടാരത്തിൽ പൊൻതിളക്കത്തിന് ഇടമില്ലായിരുന്നു. ശലഭജന്മത്തിന്റെ  ആയുസ്സുമായി അവൻ ദീപക്കാടുകൾ താണ്ടി. പരൽമീനിന്റെ ചടുലതയോടെ പ്രവാഹങ്ങളിൽ സ്വയം മറന്നു. മനസ്സിനുള്ളിലും മതിലിനു പുറത്തും അവൻ മറ്റൊരാളായില്ല. ഋതുഭേദങ്ങളിൽ വൃദ്ധിക്ഷയങ്...


നെയ്ത്തിരിനാളം

ഇവിടിന്നുമായിരം തരുണ ചിത്തങ്ങളടി- പണിയുന്ന മന്ത്രമുയിരൊടെയുണ്ടേ... ഇവിടിന്നുമായിരം പാണിപാദങ്ങളൊരു കവിതയ്ക്കു താളമിടുന്നുമുണ്ടേ... ഇവിടെക്കിഴക്കിന്‍ തുടുപ്പും പടിഞ്ഞാറു കാവിപ്പുടവയുടുക്കുന്നൊരന്തിയും ഇരുളും നിലാവും ഉഡുക്കളും നിത്യം വലം വച്ചിടുന്നൊരു ക്ഷേത്രമുണ്ടേ... ഇവിടെ വന്നമ്മയ്ക്കു പ്രാണപുഷ്പങ്ങളാ- ലവിരാമമാരതി ചെയ്തിടുമ്പോള്‍ കാമിപ്പതൊക്കെയും നല്കുവാനെന്നാളു- മെരിയുന്ന നെയ്ത്തിരിനാളമുണ്ടേ... ---  ദേശഭക്തിഗീതങ്ങള്‍ ---  രജി ചന്ദ്രശേഖർ


പൂനിലാവ്

ഞാനൊന്നു വിളിച്ചാലോടിയെത്തുമമ്മ ഞാനൊന്നു വിതുമ്പിയാല്‍ ലാളിക്കുമമ്മ ഞാനല്പമിടറുമ്പോള്‍ കൈപിടിക്കുമമ്മ ഞാനൊന്നു തളരുമ്പോള്‍ താങ്ങാകുമമ്മ വിശക്കുമ്പോള്‍ മുന്നിലുണ്ടന്നമായമ്മ ഭയക്കുമ്പോഴുള്ളില്‍ ധൈര്യമായമ്മ പണിചെയ്തു തളരുമ്പോള്‍ കുളിര്‍കാറ്റായമ്മ പണമില്ലാതുഴറുമ്പോള്‍ പൊന്‍നിറവായമ്മ വഴിതെറ്റിയലയുമെന്‍ നേര്‍വഴിയായമ്മ അഴല്‍ തിങ്ങിക്കരയുമെന്‍ അഭയമായമ്മ അകമിരുള്‍ നിറയ്ക്കുമ്പോള്‍ പൂനിലാവമ്മ തിരുനട തുറക്കുമ്പോള്‍ ചിരിതൂകുമമ്മ

പ്രിയദര്‍ശിനീ മാപ്പ്...... ! :: രജി ചന്രശേഖര്‍

ഇളം മഞ്ഞ് ഡല്‍ഹിയെ ആലിംഗനം ചെയ്തപ്പോള്‍ അതൊരു ധൃതരാഷ്ട്രാലിംഗനമാകുമെന്ന് സഫ്ദര്‍ജംഗ് റോഡില്‍ ഒന്നാം നമ്പര്‍ വസതിയുടെ അങ്കണത്തില്‍ നിന്നിരുന്ന ചെടികളോ, തെളിവാനത്തിടയ്ക്കിടെ എത്തിനോക്കിയ വെണ്മേഘശകലങ്ങളോ, അറിഞ്ഞിരിക്കില്ല. അച്ഛന്റെ മാറിലെ ചെമ്പനിനീര്‍പൂവായി വളര്‍ന്ന പ്രിയദര്‍ശിനി, ഭാരതാംബയുടെ മാറിലൊരു രക്തപുഷ്പമായി വീണപ്പോള്‍... ആദ്യം ഞെട്ടിയത് ആരായിരിക്കും .. ? ഇന്ദ്രപ്രസ്ഥത്തിലെ വീരഗാഥകളുരുവിടുന്ന മണല്‍ത്തരികളോ, അവയുടെ പ്രാണന്‍ വലിച്ചെടുത്ത് വളരുന്ന ലതകളോ, ദൂരെ ഒരവ്യക്ത പശ്ചാത്തലമായ ഹിമാലയസാനുക്കളോ....! അന്ന് എഴുപതുകോടി ജനങ്ങള്‍ വിതുമ്പിക്കരഞ്ഞപ്പോള്‍ ഉള്ളില്‍ അണകെട്ടി നിര്‍ത്തിയ രോഷം കൂലംകുത്തിയൊഴുകിയ പ്രതികാരാഗ്നിയുടെ തിരകള്‍ തകര്‍ത്തത് ഭാരതത്തിന്റെ മൂല്യസത്തകളോ പരേതാത്മാക്കളുടെ പാവനസ്വപ്നങ്ങളോ...! സുരക്ഷിതത്ത്വത്തിന്റെ നിലാക്കുളിരില്‍ തലചായ്ച്ചുറങ്ങാന്‍ വെമ്പിയ മനസ്സുകള്‍ നിരാശയുടെ നീര്‍ക്കയങ്ങളില്‍ അടിപതറി വീണപ്പോള്‍, അവിടെ പതിയിരുന്നത് സെക്യൂരിറ്റി ഗാര്‍ഡുകളുടെ വെടിയുണ്ടകളായിരുന്നു.. അതിന്റെ പിന്നില്‍ ഫണം വിരിച്ചാടിയ വൈദേശിക ശക്തിപ്രഭ...

കാരണവരുടെ ചിരി

പിള്ളേരുടെ ബഹളവും കളികളും കണ്ട്, ഉമ്മറക്കോലായിലെ ചാരുകസേരയില്‍ കിടക്കുകയായിരുന്നു കാരണവര്‍. അനന്തരവന്മാരും സംബന്ധക്കാരും ഭരണം ഏറ്റെടുത്തതില്‍ പിന്നെ പണിയൊന്നുമില്ല. അവര്‍ സമ്മതിച്ചിട്ടു വേണ്ടെ... ആശയുണ്ട് മിണ്ടിയില്ല എന്ന മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്. കാരണവരെ ഒതുക്കിയതിന്റെ സന്തോഷത്തില്‍ പിള്ളേരെല്ലാം കൂടി മുറ്റത്ത് കളിച്ചു തിമിര്‍ക്കുകയാണ്. കുസൃതിക്കൊട്ടും കുറവില്ല. മുറ്റത്തെന്തൊക്കെയോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട്, കാരണവരൊന്ന് തല പൊക്കി നോക്കി. ദാണ്ടെ പിള്ളേരെല്ലാം മുറ്റത്ത് മറിഞ്ഞടിച്ച് കിടക്കുന്നു. ഒരുത്തന്‍ എഴുന്നേറ്റു നില്പുണ്ട്, രണ്ടു മൂന്നെണ്ണം പാതിയെഴുന്നേറ്റ മട്ടിലും. ബാക്കിയെല്ലാം പടും കിടപ്പു തന്നെ. അതു കണ്ടപ്പോള്‍ കാരണവര്‍ തന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി. ആ ചുണ്ടുകളില്‍ അറിയാതൊരു ചിരി വിടര്‍ന്നു. ( അതൊ, കസേരയ്ക്കു പുറകില്‍ നിന്ന് ആരെങ്കിലും ഇക്കിളി കൂട്ടിയതാണോ...) "ഞങ്ങളുടെ മക്കള്‍ വീണപ്പോള്‍ കാരണവര്‍ ചിരിക്കുന്നോ...? ഇതൊടുക്കത്തെ ചിരി തന്നെ.. കാണിച്ചു കൊടുക്കാം. " ആരൊക്കെയൊ പിറുപിറുക്കുന്നു. കസേരയില്‍ നിന്ന് കാര...

കറുപ്പ്

മാര്‍ക്സ് പറഞ്ഞതു ശരി ആണെന്ന് വഴിയരികില്‍ ഒരു കൈപ്പത്തി അക്രമികള്‍ അവര്‍ മയക്കുമരുന്നിന്റെ അടിമകളല്ലെ ! മയക്കുമരുന്നിന്റെ വിതരണക്കാരെ....?

പ്രണയവാത്സല്യം

ഇതു പ്രണയമല്ലല്ലൊ….? ബന്ധനങ്ങളുടെ നനുനനുത്ത നൂലിഴകളില്‍ തലങ്ങും വിലങ്ങും വരിഞ്ഞു മുറുകുമ്പോള്‍ ഇനിയെന്തു പ്രണയം…… നീ പ്രണയത്തില്‍ നിന്ന് വാത്സല്യത്തിലേയ്ക്കെന്നെ വലിച്ചെടുക്കുമ്പോള്‍ ഉണ്മയുടെ അമൃതകുംഭങ്ങള്‍ നിറയുന്നു. നീ ചിരിനിലാവ്….

സിനിമയിലെ വില്ലന്മാര്‍

സിനിമയിലെ വില്ലന്മാര്‍ ഇപ്പോള്‍ ബലാത്സംഗം ചെയ്യാറില്ല. വലിച്ചു കീറാനോ ഉരിഞ്ഞെറിയാനോ ഉടുതുണികളില്ലാഞ്ഞിട്ടല്ല. പ്രായം കൂടിയതുകൊണ്ടോ ആവതില്ലാത്തതുകൊണ്ടോ അല്ല. ചെറുപ്പക്കാരായ ചെറുമക്കളെ പരിശീലിപ്പിക്കുകയാണ്. അവര്‍ക്കാണ് അത്തരം ജോലികള്‍… അല്ലെങ്കിലും അതിപ്പൊ അങ്ങനെയൊക്കെത്തന്നെയാണല്ലൊ ജീവിതത്തിലും……. വില്ലന്മാര്‍ വയസ്സായി മന്ത്രിമാരാകുമ്പോള്‍ അവരുടെ മക്കള്‍… മന്ത്രിപുത്രന്മാര്‍….

കടലിനോട്...

കടലിനോടൊരു കര കരയുന്നു കടന്നു കേറിയെന്നഹന്തയെ ദ്രുതം അതിക്രൂരം മണല്‍ത്തരികളാക്കു നി‍ന്‍ പ്രതിരോധത്തിരപ്പകക്കുതിപ്പിനാല്‍.... 22-05-09

പര പരാ വെളുക്കുന്നു

പര പരാ വെളുക്കുന്നു പുലരി കണ്മിഴിക്കുന്നു അകത്തൊരാളുണരുന്നു അരികില്‍ കൈ പരതുന്നു മണിവീണക്കുടങ്ങളില്‍ വിരലുകളിഴയുന്നു ലഹരിതന്നലകളില്‍ ഉടലുകളൊഴുകുന്നു പതഞ്ഞാകെ നിറയുന്നൊ- രലകടല്‍ കടയുവാന്‍ കടകോലായൊരു ജന്മ- മുരളിക വിതുമ്പുന്നു. മലകളില്‍ നനവൂറും മലരിതള്‍ ചരിവിലും അടിമുടിയുരുകും പൊന്‍- വെയിലായിപ്പടരുന്നു…

കടലിളകുന്നു…

കടലിളകുന്നു… കടലിളകുന്നു… കരയെപ്പുല്കുവാന്‍. കരവിരുതിനാലുണര്‍ത്തുവാന്‍ പതഞ്ഞു പൊങ്ങിടും ലഹരികള്‍ മെല്ലെ കിതച്ചു താഴുമ്പോള്‍ തളര്‍ന്നു നിന്നെയും പുണര്‍ന്നുറങ്ങുവാന്‍ മനമുണരുന്നു കടലിളകുന്നു…

സ്നേഹം

ഒരിക്കല്‍ വിവശനായി ഞാന്‍ നിന്നടുക്കലേക്കോടിയെത്തി. പക്ഷെ അപ്പോഴേയ്ക്കും നീ എവിടേയ്ക്കോ പോയ്ക്കഴിഞ്ഞിരുന്നു. കൂട്ടിലിട്ടോമനിച്ചു വളര്‍ത്തിയ കിളിയെ തുറന്നു വിട്ടത് സ്നേഹം കൊണ്ടു മാത്രമാണ്. ഒന്നുമാകാത്തവരുടെ ഒന്നിനുമാകാത്തവരുടെ ഗതികേടിനെ സ്നേഹം എന്നും വിളിക്കാം... കാരണം നമ്മളിങ്ങനെയാണ്... 13-02-09

കവിത എഴുതുമ്പോള്‍

കവിതയെഴുതുമ്പോള്‍ നീ അരികിലില്ലല്ലൊ.... അകല്‍ച്ചയുടെ ഊര്‍ജ്ജവലയങ്ങളില്‍ വിയര്‍ക്കുന്ന വിശപ്പ് വിഭ്രാന്തിയുടെ അഗ്നിപര്‍വ്വതം തീമുഖത്ത് ചുണ്ടുരുമ്മുന്ന നീലാകാശം വിടരുന്ന ചിരിത്തുണ്ടുകള്‍ ദൂരെ ദൂരെ ഒരുമിച്ചു ചേരുന്ന സമാന്തര രേഖകള്‍ നീ  പറയാന്‍ കൊതിച്ച ഒരുപാടു വാക്കുകള്‍ സ്വകാര്യങ്ങള്‍ മൂളിക്കേട്ടുകൊണ്ടേയിരിക്കുന്നു കവിതകളില്‍....

Sabarimala

മാലയിടുന്നത് വീട്ടില്‍ വച്ചുതന്നെ. എന്റെ പൂജാമുറിയില്‍ ഞാന്‍ തന്നെ പൂജിച്ച് കുട്ടികളെ മാലയിടീക്കും. അതാണ് പതിവ്. ശബരിമലയ്ക്കു പോകുന്നത് ആദ്യമായല്ല. ഇത് 2004-ലെ കാര്യമാണ്. ഇതാണ് രാമുവും ശംഭുവും. ശംഭു ഇളയ മകനാണ്.   ഞങ്ങള്‍ മൂന്നു പേരുമാണ് വീട്ടില്‍ നിന്നു പുറപ്പെടുന്നത്.   രാമു വലിയ കുട്ടിയല്ലെ, അവന് എല്ലാം ചെയ്യണമെന്നുണ്ട്.   കെട്ടു നിറയ്ക്കുന്നതും വീട്ടില്‍ വച്ചു തന്നെയാണ്. ശുഭയുടെ അച്ഛന്‍ പതിവുപോലെ വന്ന് കെട്ടു നിറയ്ക്കേണ്ട രീതിയില്‍ നിറച്ചു തരും. ആദ്യം ശംഭുവിന്റെ...   അതു കാണാന്‍ ശുഭയോടൊപ്പം അച്ഛനമ്മമാരും. (K S T A യുടെ കലണ്ടര്‍ ഫോട്ടോയില്‍ വരാന്‍ വേണ്ടി തൂക്കിയതല്ല. ജോലി കിട്ടിയപ്പോള്‍തന്നെ KSTA യില്‍ അംഗമായതാണ്. രാഷ്ട്രീയം നോക്കിയല്ല, അടുത്ത സുഹൃത്തുക്കളെല്ലാം KSTA-ക്കാരായിരുന്നു. അങ്ങനെയാണ് ഞാനും KSTA-യിലെത്തിയത്. കണിയാപുരം സബ്‍ജില്ലയില്‍, സബ്‍ജില്ലാക്കമ്മറ്റി അംഗമായും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. HSA ആയപ്പോള്‍ പാലോട് സബ്‍ജില്ലയിലായി. പിന്നെ ആറ്റിങ്ങല്‍ സബ്‍ജില്ലയിലായപ്പോള്‍ പ്രവര്‍ത്തന ചുമതലകളൊന്നുമില്ലാതായി. ഞാന്‍ ആദ്ധ്യാത്മികതയില്‍...

അധിനിവേശത്തിന്റെ കൈയ്യും കരുത്തും

അവരുടെ അധിനിവേശം… ആക്രമണങ്ങളിലൂടെ, കച്ചവടങ്ങളിലൂടെ... ആശയങ്ങളിലൂടെ… ആക്രമണകാരികള്‍ക്ക് ആയുധങ്ങളുണ്ട്, കച്ചവടക്കാര്‍ക്ക് പരസ്യവും പ്രലോഭനങ്ങളുമുണ്ട്, ആശയങ്ങള്‍ക്ക് പാഠപുസ്തകങ്ങളും. അധിനിവേശങ്ങള്‍ക്കൊടുവില്‍ അവര്‍ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ ‍ഗ്രാമങ്ങളും ജില്ലകളും സംസ്ഥാനങ്ങളും രാജ്യങ്ങളും സൃഷ്ടിക്കും. വീണ്ടും തമ്മിലടിപ്പിക്കുന്ന പാഠപുസ്തകങ്ങളുണ്ടാക്കും….. നാം അധിനിവേശങ്ങളുടെ കൈയ്യും കരുത്തുമാകും.

ചേരാൻ

തീരം നീ , യവിടേയ്ക്കു വന്നണയുവാ -        നോളങ്ങളാകട്ടെ ഞാന്‍ നേരം നീ ഹൃദയത്തുടുപ്പിലലിയും        നേരായി മാറട്ടെ ഞാന്‍ താരം നീ , യരുണാഭ ചേര്‍ന്നു മരുവും        പൂവായ് മരിക്കട്ടെ ഞാന്‍ ചേരാന്‍ മാമക നോവു നിന്‍ തനുവിലെ -        ത്താരുണ്യപുഷ്പങ്ങളില്‍ .

എന്തേ ഭയക്കുന്നു …

കണ്ണുകള്‍ വേലിക്കകത്തേയ്ക്കു കാറ്റുപോ- ലുണ്ണാത്തൊരുള്ളിന്റെ ആര്‍ത്തിപോലെ, എത്തുമെന്നോര്‍ത്തു കിടുങ്ങുന്നുവോ ചിത്ത- മിത്ര,മേലെന്തേ ഭയക്കുന്നു നീ…. ഇല്ല, നിന്‍ പൂങ്കാവിലേയ്ക്കെന്റെ വണ്ടുകള്‍ തേനുണ്ണുവാന്‍ മൂളിയെത്തുകില്ല. വന്നെത്തിടും ക്ഷേത്ര മുറ്റത്തു ദേവിയെ- ക്കണ്ടു കൈകൂപ്പുവാനെന്നുമെന്നും. 18-10-2007

ഇന്നെന്തു പറ്റീ…?

ഇന്നെന്തു പറ്റീ…? ഘനശ്യാമമൂകയായ് മുന്നില്‍ നിന്നെന്തേ മറഞ്ഞു നില്പൂ…? ഇന്നലെക്കാര്‍മ്മുകില്‍ പെയ്തൊഴിയാഞ്ഞതോ പിന്നെയും സംശയക്കോള്‍ നിറഞ്ഞോ ? ഒന്നുമേ ചൊല്ലുവാനില്ലിനി,യെന്നു നിന്‍ പൊന്നിന്‍ കനവുകള്‍ പോയൊളിച്ചോ ? 17-10-2007

ഇനിയുമുണ്ടല്ലൊ അദ്ധ്യാപകര്‍...

അദ്ധ്യാപകന്‍, കേരളത്തിലെ പ്രബുദ്ധ ക്രൌര്യങ്ങള്‍ക്കു പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ടും വെട്ടിക്കൊല്ലാനും ചവിട്ടിയരയ്ക്കാനും ജന്മമെടുത്ത "മതമില്ലാത്ത ജീവന്‍". വഴിയില്‍ വീണുപോയ ചോറ്റു പാത്രം, അനാഥമായ വാക്കുകള്‍, മിഴി കുതിര്‍ന്ന സാരിത്തലപ്പുകള്‍. ഭീമന്റേയും കീചകന്റേയും രക്ഷകര്‍ത്താക്കള്‍ വിരുന്നുണ്ടു പിരിയുമ്പോള്‍ തെളിവുകള്‍ മാഞ്ഞ് അഴികള്‍ക്കിടയിലൂടൂര്‍ന്നു പോരുന്ന കൊലക്കത്തികള്‍. അക്രമികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടില്ല, രക്ഷകര്‍ത്താക്കള്‍ക്ക് അവരെ നാളെയും വേണം. ഇനിയുമുണ്ടല്ലൊ അദ്ധ്യാപകര്‍...

നമുക്ക് എല്ലാം സഹിക്കുകയും പൊറുക്കുകയും ചെയ്യാം

സാംസ്കാരിക അധിനിവേശത്തിന്റെ ദുരന്തഫലങ്ങളാണ് ഇന്നു നാം അനുഭവിക്കുന്നത്. അങ്ങനെ കൈയ്യൂക്കും കൌശലവുമായി കടന്നു വന്നവര്‍ക്ക് എന്തും ചെയ്യാം, അവര്‍ ചെയ്യുന്നതൊക്കെയാണ് (അതു മാത്രമാണ്) ശരി എന്ന തെറ്റായ ധാരണ നമ്മുടെ അഭ്യസ്ഥവിദ്യരിലും‍ ആഴത്തില്‍ വേരു പിടിപ്പിക്കാന്‍, അവരുടെ (അധിനിവേശക്കാരുടെ) സംഘടിത ശക്തികൊണ്ടു സാധിച്ചിട്ടുണ്ട്.   നമുക്ക് എല്ലാം സഹിക്കുകയും പൊറുക്കുകയും ചെയ്യാം. അത് ഭീരുത്വം കൊണ്ടുമാത്രമല്ല, നിവൃത്തികേടുകൊണ്ടുകൂടിയാണ്.

എന്നടുത്തൊന്നിരിയ്ക്കാന്‍

സമരമതു കഴിഞ്ഞാലെത്തിടും നീ മനസ്സി- ന്നമരമമരമെന്നും കാത്തിടാനോര്‍ത്തു ഞാനും സമയമലയിളക്കും സാഗരം താണ്ടിടേണം സമയമെവിടെയെന്നാലെന്നടുത്തൊന്നിരിക്കാന്‍‍ !

വൃന്ദാവനം

തിങ്ങും കാന്തികലര്‍ന്നുഷസ്സിലൊരു പൂ-              വെന്നോണ,മെന്നോമലാള്‍ തങ്ങും കാനനവും കടല്ക്കരകളും              പൂവാടിയാണെന്നൊരാള്‍ എങ്ങും കാമമയൂഖമാല തിരളും              വൃന്ദാവനം പോലെ, ഞാന്‍ മുങ്ങും കാവ്യസരിത്തിലായ് വിരിയുമെന്‍             തങ്കക്കിനാവെന്നു ഞാന്‍.

ഗജരാജന്‍ ചാമപ്പുഴ കൈലാസ്

ആനയും മനുഷ്യനും തമ്മില്‍ അഭേദ്യമായ ബന്ധം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എത്ര വര്‍ഷം എന്നത് ഓര്‍ത്തെടുക്കുക ദുഷ്കരം. ആധുനിക കാലത്തില്‍ ആ ബന്ധം ഒന്നുകൂടി ദൃഢമാക്കപ്പെട്ടതുമാണ്. വര്‍ദ്ധിച്ചുവരുന്ന സോഷ്യല്‍ മീഡിയയുടെ പ്രചാരവും അതിനു സഹായകമായി. അങ്ങനെ പറയാന്‍ ഒരു പ്രധാന കാരണം കൂടിയാണ് മാതംഗകേസരികളുടെ ഇത്തവണത്തെ കഥാപാത്രം. നിര്‍ഭാഗ്യവശാല്‍ ഒരുകാലത്ത് കടുത്ത അവഗണനകള്‍ അനുഭവിക്കേണ്ടിവന്ന, എന്നാല്‍ ഇന്നത്തെ ഉത്സവപ്പറമ്പുകളില്‍ തീപാറുന്ന പ്രകടനങ്ങള്‍ക്ക് അമരക്കാരനാവാന്‍ പോന്ന ഒരു ഉത്തമ ഗജവീരന്‍... അതാണ്‌..... ഗജരാജന്‍ ചാമപ്പുഴ കൈലാസ് ആനപ്രേമികള്‍ എന്ന ഒരു കൂട്ടത്തെ ചിലര്‍ വിമര്‍ശിക്കുന്നതായി കണ്ടിട്ടുണ്ട്. കൈലാസിന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങള്‍ തീര്‍ച്ചയായും മനുഷ്യരാല്‍ നല്‍കപ്പെട്ടതാണ്‌. എന്നാല്‍ ആനപ്രേമികളായ ചിലരുണ്ടായതുകൊണ്ടു മാത്രമാണ്, അവന്‍ ഇന്നും പൂര്‍ണ ആരോഗ്യവാനായി ജീവിക്കുന്നത് . ആദ്യകാലങ്ങളിലെല്ലാം വളരെയധികം പ്രശസ്തനായിരുന്ന ചാമപ്പുഴ കൈലാസ് 2008 കാലയളവ്‌ മുതലാണ്‌ ക്ഷീണിതനാവുന്നത്. ആന വളര്‍ത്തുന്നതില്‍ പ്രസിദ്ധരായ ഉടമസ്ഥന്മാരായ ചിറക്കല്‍ , എടക്കുനി , ഗുരുജി , നാഗേരിമന , ...