Views:
വയൽക്കാറ്റു കൊള്ളാം...
രജി ചന്ദ്രശേഖര്‍
ഞരമ്പും തുളച്ചുള്ളിലാഴുന്നതല്ല,
തുരുമ്പിച്ച പാഴൊച്ച പാടുന്നതല്ല,
കലമ്പുന്ന കാമക്കിലുക്കങ്ങളല്ല,
പുലമ്പുന്ന ഭ്രാന്തിൻ കലിപ്പേച്ചുമല്ല.
കരൾക്കാമ്പിലേതോ വിതപ്പാട്ടു മൂളി
കരക്കാറ്റു തേടും തിരക്കോളുപോലെ,
കരയ്ക്കെത്തുമോയെന്നു ശങ്കിച്ചു വാടി-
ത്തിരിഞ്ഞാലുമില്ലേ കിനാവിന്‍റെ നാളം.
വരൂ, നിന്റെ മാണിക്യവീണാവരങ്ങൾ
തരൂ, സാന്ദ്രഭാവം പകർന്നാടി മീട്ടാം.
കരിമ്പിന്റെ മാധുര്യമോലുന്ന വാക്കിൻ
വരമ്പത്തൊരൽപം വയൽക്കാറ്റു കൊള്ളാം...
വായന
17 comments:
മനോഹരം, പുലമ്പുന്ന ഭ്രാന്തൻ കളിപ്പേച്ചല്ല മാഷേ ഈ കവിത
മനസ്സിലും ഭാഷയിലും നിറഞ്ഞ ആർദ്രതയോടെ പകരുന്ന താങ്കളുടെ ഈ
"കരിമ്പിന്റെ മാധുര്യമോലുന്ന വാക്കിൻ
വരമ്പത്തൊരൽപം വയൽക്കാറ്റു കൊള്ളാ"- നായത് എന്‍റെ സൗഭാഗ്യം..
*വയൽക്കാറ്റ് കൊള്ളാം* എന്ന രജി ചന്ദ്രശേഖർ മാഷിന്റെ കവിത, അദ്ദേഹത്തിന്റെ കാവ്യജീവിതത്തിന്റെ അടയാളപ്പെടുത്തലാണ് എന്നു കരുതുന്നതിൽ തെറ്റില്ല. തന്റെ കവിത എങ്ങനെയാണ്, എങ്ങനെയല്ല എന്ന ബോദ്ധ്യപ്പെടലാണ് ഈ കവിത.
നമുക്ക് നഷ്ടപ്പെട്ടു പോകുന്ന 'വയൽക്കാറ്റിന്റെ സുഖം' നൽകുന്ന ഗ്രാമമുഖമാണിതിനുള്ളത്. വയൽക്കാറ്റിന്റെ സുഖം കവിതയ്ക്കു വേണമെങ്കിൽ വയൽ പച്ചപ്പായി നിറഞ്ഞ്, കതിരണിഞ്ഞ നാൾകളെ സമ്മാനിക്കാനാവണം, പട്ടിണി മാറ്റണം, നൻമ തൻ സമ്പത്ത് നിറയണം. സംശയമേതുമില്ലാതെ നമുക്ക് പറയാം ആറ്റികുറുക്കി നമ്മിലേയ്ക്കണയുന്ന ഈ വയൽ ഗന്ധമോർമിപ്പിന്ന കവിതയ്ക്ക് ജീവന്റെ പച്ചപ്പുണ്ട്, അതിരുകൾക്കപ്പുറം പരന്നു കിടക്കുന്ന ജീവിതത്തിന്റെ വശ്യ മോഹനതയുണ്ട്, അതിനപ്പുറം ആത്മാവുണ്ട് ...
ജീവഞരമ്പുകളിൽ ചോരയോടുന്ന മനുഷ്യ ശരീരങ്ങളെ തുളച്ചാഴുന്നതോ, കേട്ടു ദ്രവിച്ച ഉപയോഗശൂന്യമായ ശബ്ദവുമായി പാടുന്ന തേ അല്ല, ഒരു കഥയുമില്ലാതെ പുലമ്പുന്ന കാമക്കിലുക്കങ്ങളോ, ഭ്രാന്തിന്റെ ജല്ലനങ്ങളോ അല്ല ഈ കവിയുടെ കവിത.'
*പുലമ്പുന്ന ഭ്രാന്തിൻ കലിപ്പേച്ച്* അർഥങ്ങളായി പുതു വഴി തേടേണ്ട ജീവിത കാഴ്ചയാണ്. മനുഷ്യബന്ധങ്ങളിൽ ക്രോധവും എടുത്തു ചാട്ടങ്ങളും അവിവേകവും വരുത്തുന്ന വിനകളെ കരുതിയിരിക്കാനുള്ള കവിയുടെ മുന്നറിയിപ്പാണ്. അതിനപ്പുറം കവിത ഭ്രാന്തൻ ജല്പനങ്ങളാവാതിരിക്കാനുള്ള ജാഗ്രത കൂടിയാവണം എന്ന കരുതലാണ്.
എന്തെല്ലാം കരിഞ്ഞുണങ്ങിയാലും കിനാവായി തന്റെ കാവ്യം/ജീവിതം പൂക്കുമെന്ന ഉൽക്കടമായ ആത്മവിശ്വാസം കവി വെച്ചു പുലർത്തുന്നു. കരളകം സീറ്റുന്ന ദു:ഖങ്ങളിലും പുതുനാമ്പിനായി, പച്ചപ്പിനായി വിതയ്ക്കുന്ന ഭാവിയാണ് തന്റെ കവിത. *വേദനയിലും കവിതയെന്ന പാട്ടു വിതയ്ക്കാൻ തയ്യാറാവുന്ന കർഷകനാണ് കവി.*
ഭൂമിയിലെ ജീവിതമാകുന്ന കര കാറ്റ് മനസ്സിലാകെ തിരക്കോളുകൾ സൃഷ്ടിക്കുകയാണ്. പെയ്തു തിമിർക്കാതിരിക്കാനാവില്ലെങ്കിലും, കവിതയിലൂടെ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങൾ സഹൃദയഹൃദയങ്ങളിൽ എത്തുമോ എന്ന ആശങ്ക കവിയ്ക്കുണ്ട്. എന്നിരുന്നാലും ജീവിതത്തിൽ കവിത കിനാവസന്തം വിടർത്തുക തന്നെ ചെയ്യുമെന്ന ശുഭാപ്തി വിശ്വാസം അണയാത്ത നാളമായി ആളിപ്പടരുന്നു, വായനയിലൂടെ സഹൃദയചിത്തത്തിലും..
ഈ ലോകത്ത് സാന്ദ്രമായ, ആർദ്രമായ ഭാവത്തിലല്ലാതെ തനിക്ക് എഴുതാനും ചിന്തിക്കാനുമാകില്ലെന്ന് കവി ഉറപ്പിക്കുന്നു. ശാന്തിയും സമാധാനവും നഷ്ടപ്പെടുകയും വർത്തമാനകാലം കൊലവിളി ഒച്ചകളാൽ മുഖരിതമാവുകയും ചെയ്യുമ്പോൾ ഈ കവിത ആർദ്രതയുടെ ശാന്തി ഗീതമാവുന്നു ...
കവി വിശ്വാസിയാണ്, ആസ്തികനാണ്, മാണിക്യവീണയുമായി മരുവുന്ന അക്ഷരദേവതയായ സരസ്വതിയോട് വരങ്ങൾക്കായുള്ള കാവ്യാർച്ചന കൂടിയാണ് ഈ കവിത. നന്മയുടെ വീണാനാദത്തിന്, ശബ്ദത്തിന് സാന്ദ്രഭാവമേ മീട്ടാനാവൂ. ഇന്നില്ലാത്തതും അതല്ലേ, ഈ സാന്ദ്ര ഭാവം. വലിയൊരു ഉത്തരവാദിത്തമായി കവി സ്വയം ജ്വലിച്ചേൽക്കുകയാണിവിടെ.
വാക്കുകൾ, മനസ്സും ജീവിതവും കീറിപ്പിളർക്കുന്ന ഇക്കാലത്ത് കവിതയുടെ കാതൽ ശ്രദ്ധേയം,
*കരിമ്പിന്റെ മാധുര്യമോ ലുന്ന വാക്കിൻ, വരമ്പത്തൊരൽപം വയൽക്കാറ്റു കൊള്ളാം*
കരിമ്പിന്റെ മധുരിമ കിനിയുന്ന നാവിന്, ഉച്ചരിക്കുന്ന വാക്കിന്, നൻമയുടെ, കാരുണ്യത്തിന്റെ, മാനവികതയുടെ ഹൃദയം വേണം. അവിടെ നിന്നേ ഇത്തരം വാക്കുകൾ പിറവിയെടുക്കൂ... കരിമ്പിന്റെ മധുരമുള്ള വാക്കും വയൽ കാറ്റിന്റെ തണുപ്പും നിറയ്ക്കാനായാൽ, വിതയ്ക്കാനായാൽ ജീവിതം ഏത് പ്രക്ഷുബ്ധതയിലും സമചിത്തമാവും, സമാധാനമാവും .ക്ഷോഭക്കടലിനെ ശാന്തമാക്കുന്ന, ഭൗതികലോകത്തിലെ വെപ്രാളങ്ങളെ കരുണാർദ്രമാക്കാനുതകുന്ന ആത്മീയനുരാഗ ഗീതം കൂടിയാണ് *വയൽക്കാറ്റുകൊള്ളാം*.
മറ്റൊരു വാചകം കൂടി എഴുതട്ടെ. വയൽ കാറ്റ് "കൊള്ളാം" തീർച്ച, സഹൃദയഹൃദയങ്ങളിൽ കൊള്ളും
വീണ്ടും സിദ്ദിഖ് സർ.
ഇതൊക്കെയുണ്ട് എന്റെ കൊച്ചു കവിതയിൽ എന്നു പറഞ്ഞുതന്നതും പൊന്നോണമായോമനിച്ചു സൂക്ഷിക്കാം.
ഇതൊരു പുസ്തകത്തിൽ ഉൾപ്പെടുത്താൻ അനുവദിക്കുമോ
കവിതയുടെ യഥാർത്ഥ അർത്ഥ തലങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ കഴിഞ്ഞോ എന്നറിയില്ല..... എങ്കിലും, വരികൾ വശ്യം... സാഹിത്യം ശ്ലാഘനീയം.
സന്തോഷം
ആസ്വാദനക്കുറിപ്പ് കവിത യിലേക്ക് കൂടുതലായി
ഇറങ്ങി ചെല്ലാൻ വായനക്കാർക്ക് കഴിയുംവിധം മനോഹരമായി.ഇതാണ് നിരൂപണം.
എഴുത്തുകാരൻ കാണാത്തതോ കാണാൻ മറന്നതോ ആയ ചില തലങ്ങളിലൂടെ സഞ്ചരിപ്പിക്കുകയാണ് യഥാർത്ഥ നിരൂപണദൗത്യം.
അല്ലാതെ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തി എഴുത്തുകാരെ പിന്നോട്ട് തള്ളിവിടൽ നിരൂപണമല്ല
കവിക്കും ആസ്വാദനം തയ്യാറാക്കിയ സിദ്ദിഖ് സാറിനും അഭിനന്ദനങ്ങൾ മാത്രം
സന്തോഷം മാഷേ
മാനുഷിക മൂല്യ നിരാസത്തിന്റെ ഒരു കെട്ട കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്
ഇതിനെതിരെ അതിശക്തമായി ഇടപെടേണ്ടി
വരുന്ന ഈ കാലഘട്ടത്തിൽ ഒരു എഴുത്തുകാരന്
എങ്ങനെ മൗനം പാലിക്കുവാൻ കഴിയും. പ്രത്യയശാസ്ത്രപരമായി മൗനം വെടിഞ്ഞ് ഇടപെടേ
ണ്ട കാലത്ത് മൗനം മാത്രം വിളഞ്ഞു നിൽക്കു മ്പോൾ എഴുത്തുകാരന് പ്രത്യാശകൾ നൽക്കുന്ന
വാക്കുകളും, വർത്തമാനങ്ങളും പങ്കുവെയ്ക്കാതി
രിക്കുവാൻ കഴിയില്ല. ആത്മവിശ്വാസങ്ങൾ സന്നി
വേശിപ്പിക്കുക എന്നത് ഒരു വലിയ കടമ്പ തന്നെയാ
ണ് .ഒരു കവിത താനെഴുതുന്നതിലൂടെ ഒരു നിയമ
വാഴ്ചയേയോ, ലോകത്തേയോ മാറ്റിമറിക്കുവാൻ
കഴിയുമെന്നോ കരുതുന്നില്ല എന്നാൽ ഒരു കാര്യമുണ്ട് തന്റെ എഴുത്തുകൾ വായിച്ച് ആർക്കെങ്കിലും ഒരു മനംമാറ്റം അല്ലെങ്കിൽ ഒന്നു ചിന്തിക്കാൻ വേണ്ടി തഞ്ചിനിൽക്കുന്നുവെങ്കിൽ
അത് തന്നെ ഏറ്റവും സാർത്ഥകമാകുന്നു. "അണ്ണാര
ക്കണ്ണനും തന്നാലായത് " - എന്നതുപോലെ.പല
പ്പോഴും ഒരു മണിക്കൂർ നേരത്തെ പ്രസംഗത്തിനേ
ക്കാൾ ചിന്താശക്തിയിലേക്ക് ആഴ്ന്നിറങ്ങാൻ
നാലുവരിക്കവിതയ്ക്ക് സാധിക്കും എന്നത് നാം
മനസ്സിലാക്കേണ്ടിയിരിക്കുന്നു .
നന്മയുടെ ഉറവ തീർത്തും വറ്റായിട്ടില്ലെന്നും സ്നേ
ഹത്തിന്റെ തെന്നൽനമുക്ക് ചുറ്റും തത്തിക്കളിക്കു
ന്നുണ്ടെന്നും എന്നാൽ അത് സത്യമാണോയെന്ന്
സംശയിച്ച് ഭയപ്പെട്ടു നിൽക്കുന്നത് കാണുമ്പോഴാ ണ് കവി പറയുന്നത്
"ഞരമ്പും തുളച്ചുള്ളിലാഴുന്നതല്ല,
തുരുമ്പിച്ച പാഴൊച്ച പാടുന്നതല്ല,
കലമ്പുന്ന കാമക്കിലുക്കങ്ങളല്ല,
പുലമ്പുന്ന ഭ്രാന്തിൻ കലിപ്പേച്ചുമല്ല "
കവിക്ക്
പറഞ്ഞു കൊണ്ടിരിക്കയല്ലാതെ നിവൃത്തിയില്ല
ഒരു രാഷ്ട്രീയ ജാഗ്രത, മാനുഷീക മൂല്യങ്ങളാണ്
എല്ലാറ്റിനെക്കാളും വലുത് എന്ന് അടിവരയിട്ടു
പറയുവാനും ഒരു സുരക്ഷിതത്വം തീർക്കുവാനു
മുള്ള തത്രപ്പാടും നമുക്ക് ദർശിക്കാം.
ഏതു നിസ്സഹായവസ്ഥയിലും പ്രത്യാശ നൽകുന്ന
വർത്തമാനങ്ങളിലൂടെ ഉപദേശങ്ങളിലൂടെ നമ്മേ
മുന്നിൽ നടത്തിക്കുവാനുള്ള ഒരു രക്ഷിതാവിന്റെ
ജോലിയും കവി ഏറ്റെടുക്കുന്നതു നോക്കൂ
"കരൾക്കാമ്പു നീറ്റും വിതപ്പാട്ടു മൂളും
കരക്കാറ്റു തേവും തിരക്കോളുപോലെ,
കരയ്ക്കെത്തുമോയെന്നു ശങ്കിച്ചു വാടി-
ക്കരിഞ്ഞാലുമില്ലേ കിനാവിന്റെ നാളം."
ആ കിനാവിന്റെ നാളമാണ് നമുക്ക് മുന്നോട്ട് നീങ്ങുവാനുള്ള ഒരാവേശം ഉണ്ടാക്കുന്നത് എല്ലാ
നഷ്ടപ്പെട്ടിട്ടില്ലെന്നും പലതും നേടാനുണ്ടെന്നും
ഉള്ള ഒരുണർവ് ഉള്ളിൽ ഉണർത്തുന്ന വാക്കുക
ളല്ലാതെ ഒരു കവി മറ്റെന്താണ് ചെയ്യേണ്ടത്.
സമൂഹത്തിൽ നിന്ന് മാറി നിന്നുകൊണ്ട് ഒരു
കവിക്കും മുന്നോട്ടു പോകുവാൻ കഴിയില്ല
കവിത എഴുതിയതു കൊണ്ട് മാത്രം കവിയുടെ
കടമ തീരുന്നില്ല സമൂഹത്തോടൊപ്പം കവിയും
നടക്കേണ്ടതുണ്ട് നമ്മുടെ ജീവിത പരിസരങ്ങളെ
ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്.
ജീവിതം തന്നെയാണ് സാഹിത്യം ആ ജീവിതത്തെ
സാഹിത്യത്തിലൂടെ പുനരാവിഷകരിക്കയാണ്
കവികൾ ചെയ്തു കൊണ്ടിരിക്കുന്നത് അനുഭവ
രാഹിത്യമാണ് ഇന്ന് പലരിലും അനുഭവപ്പെടുന്ന കാഴ്ച പരസ്പരം ബന്ധമില്ലാതെ മതിൽ ക്കെട്ടിനകത്ത് ജീവിക്കുമ്പോൾ സഹജീവികളെക്കുറി ച്ചോ സമൂഹത്തെക്കുറിച്ചോ അറിയാതെ സ്വയം ഇങ്ങനെ ജീവിച്ചു പോകയാണ് എന്നാൽ ഇവിടെ
ഇതാ ഒരു കവി ജീവിതത്തെ വരച്ചിടുന്നു അനുഭവ
ത്തിന്റെ തീച്ചൂളയിൽ നിന്നു കൊണ്ടു തന്നെ
വാക്കുകളുടെ വരമ്പിലൂടെ സ്നേഹത്തെ തൊട്ടെ
ടുക്കാൻ
"വരൂ, നിന്റെ മാണിക്യവീണാവരങ്ങൾ
തരൂ സാന്ദ്രഭാവം പകർന്നാടി മീട്ടാം.
കരിമ്പിന്റെ മാധുര്യമോലുന്ന വാക്കിൻ
വരമ്പത്തൊരൽപം വയൽക്കാറ്റു കൊള്ളാം.''
പ്രണയത്തിന്റെ, സ്നേഹത്തിന്റെ, കൂട്ടായ്മയുടെ
വരമ്പത്തു നിന്ന്സമാധാനത്തിന്റെ വയൽക്കാറ്റു കൊ
ള്ളുവാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്
എല്ലാആശങ്കകളും മാറ്റി വരൂ ജീവിതത്തിൽ
അല്പനേരം നമുക്ക് ആശകളെ അനന്തവിഹായസ്സി
ലേക്ക് പറത്തി വിടാം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കയാണ് കവി
ഏതാനും വരികളുടെ ഒരു വായനാനുഭവം പങ്കു
വെയ്ക്കുക മാത്രമാണ് ഞാൻ അതല്ലാതെ അതിനപ്പുറം വിലയിരുത്തപ്പെടാനുള്ള അറിവോ അനുഭവസമ്പത്തോ എനിക്കില്ല
സസ്നേഹം
രാജു.കാഞ്ഞിരങ്ങാട്
സന്തോഷം സർ
കവിത അറിയുന്നത് അതിന്റെ ആസ്വാദനത്തിലൂടെയാണ്, ആസ്വാദനമാണ് ഒരു സൃഷ്ടിയെ നിലനിർത്തുന്നതും നിർത്തുനതും. ഇവിടെ കണ്ട ആസ്വാദനങ്ങൾ വളരെ നന്നായി, ആർദ്രം എന്ന പേരിൽ എഴുതുന്നത് സിദ്ദിഖ് സാർ ആണോ? വളരെ നന്നായി ആസ്വാദനം. വെറും ആസ്വാദന മല്ലിത്.നല്ല ഒരു പഠനം. അത് മറ്റു വായനക്കാർക്ക് കവിതയെ സമീപിക്കാൻ വഴി തുറക്കുന്നു. രാജു കാഞ്ഞിരങ്ങാട് എഴുതിയ ആസ്വാദനവും മികവുള്ളതാണ്. രണ്ട് തലങ്ങളിൽ നിന്ന് കവിതയെ കാണുകയാണ്.
ഇനി കവിതയെക്കുറിച്ച് കവിയുടെ നിശ്ചയദാർഢ്യം തന്നെയാണിത്. കരിഞ്ഞുണങ്ങിയാലും പ്രതീക്ഷയുടെ പുതുനാമ്പ് മുളക്കുമെന്നത് ജീവിതത്തിലും കാവ്യ ജീവിതത്തിലും നാം പുലർത്തണമെന്ന ഉദ്ബോധനം കൂടിയാണീ കവിത. കവിസഹജമായ ആർദ്രത കവിതയുടെയും മനസാകുകയാണിവിടെ.
വാക്കിൻ്റെ പൊരുളാണ് കവിതയെന്നും കവിതയുടെ ലക്ഷ്യങ്ങളിലൊന്ന് ആസ്വാദ്യതയാണെന്നും രജിസാറിൻ്റെ ഈ ചുരുങ്ങിയ വരികളിൽ നമുക്ക് കാണാൻ കഴിയും.
കവിത എന്നത് വാക്കിൻ്റെ കലയായും വ്യവഹരിക്കപ്പെട്ടിട്ടുണ്ട് .വാക്കിൻ്റെ വിരൽ തൂങ്ങി നടക്കുന്ന കവികൾ അതിൻ്റെ ജ്വാലകളെ ഊതിത്തെളിച്ച് കവിതയുടെ മാമ്പൂക്കൾ കത്തിക്കുന്നു .തീർച്ചയായും രജി ചന്ദ്രശേഖരിൻ്റെ വരികളിൽ ഇത് തെളിഞ്ഞ് കാണാം.
പ്രാസസൗന്ദര്യ
ങ്ങൾക്കപ്പുറത്ത് ആശയഗാംഭീര്യമാണ് പുതിയ കവിതകളുടെ സൗന്ദര്യം .വാക്ക് ചവച്ചു തുപ്പുന്നവരല്ല, കൊത്തി വിഴുങ്ങുന്നവരാണ് പുതിയ കവികൾ.നാവല്ല, കണ്ണാണ് അവർക്ക് ശക്തി. വാഴ്ത്തിപ്പാടലല്ല, വേറിട്ടനോട്ടങ്ങളാണ് അവരുടെ രീതി.
രജി ചന്ദ്രശേഖറിൻ്റെ കവിതയിലും ഇത്തരം വ്യതിരിക്തതകൾ നമുക്ക് ദർശന വിധേയമാണ്.
വരികൾ കുറവാണെങ്കിലും ദുരൂഹമല്ലാത്ത പദങ്ങളും പദചേർച്ചയും കൊണ്ട് ഹ്രസ്വമായ കവിത. വരികളിൽ താളവൃത്തബോധം ഉറപ്പിച്ച് നിർത്താൻ ശ്രമിക്കുന്നതോടൊപ്പം തന്നെ കവിത മുന്നോട്ട് വെക്കുന്ന വികാരവിനിമയം സാധ്യമാക്കുന്നതിൽ കവി വിജയിക്കുന്നുണ്ട്.
✍ അമീർകണ്ടൽ
സന്തോഷം
പുസ്തകമാക്കാം സർ
നല്ല രചന സാർ....
ഇത്തരം രചനകൾ ഇനിയും പിറക്കട്ടേ....!
സന്തോഷം
Post a Comment