Sidheek Subair :: വയല്‍ പച്ചപ്പിന്‍റെ ഗ്രാമമുഖം

Views:

രജി ചന്ദ്രശേഖർ
ശ്രീ രജി ചന്ദ്രശേഖർ മാഷിന്‍റെ വയൽക്കാറ്റ് കൊള്ളാം എന്ന കവിത, അദ്ദേഹത്തിന്‍റെ കാവ്യജീവിതത്തിന്‍റെ അടയാളപ്പെടുത്തലാണ് എന്നു കരുതുന്നതിൽ തെറ്റില്ല. തന്‍റെ കവിത എങ്ങനെയാണ്,  എങ്ങനെയല്ല എന്ന ബോദ്ധ്യപ്പെടലാണ് ഈ കവിത.

നമുക്ക് നഷ്ടപ്പെട്ടു പോകുന്ന 'വയൽക്കാറ്റിന്‍റെ സുഖം' നൽകുന്ന ഗ്രാമമുഖമാണിതിനുള്ളത്. വയൽക്കാറ്റിന്‍റെ സുഖം കവിതയ്ക്കു വേണമെങ്കിൽ - വയൽ പച്ചപ്പായി നിറഞ്ഞ്,  കതിരണിഞ്ഞ നാൾകളെ സമ്മാനിക്കാനാവണം, പട്ടിണി മാറ്റണം, നൻമതൻ സമ്പത്ത് നിറയണം. സംശയമേതുമില്ലാതെ നമുക്ക് പറയാം 
ആറ്റിക്കുറുക്കി നമ്മിലേയ്ക്കണയുന്ന ഈ വയൽ ഗന്ധമോർമിപ്പിക്കുന്ന കവിതയ്ക്ക് ജീവന്‍റെ പച്ചപ്പുണ്ട്, അതിരുകൾക്കപ്പുറം പരന്നു കിടക്കുന്ന ജീവിതത്തിന്‍റെ വശ്യമോഹനതയുണ്ട്, അതിനുമപ്പുറം വ്യാപിക്കുന്ന ആത്മാവുണ്ട് ...
ജീവഞരമ്പുകളിൽ ചോരയോടുന്ന മനുഷ്യ ശരീരങ്ങളെ തുളച്ചാഴുന്നതോ, കേട്ടു ദ്രവിച്ച ഉപയോഗശൂന്യമായ ശബ്ദവുമായി പാടുന്നതോ അല്ല, ഒരു കഥയുമില്ലാതെ പുലമ്പുന്ന കാമക്കിലുക്കങ്ങളോ, ഭ്രാന്തിന്‍റെ ജല്ലനങ്ങളോ അല്ല ഈ കവിയുടെ കവിതകള്‍ എന്നു സ്ഥാലീപുലാക ന്യായേന ഈ കവിത നമ്മോടു പറയുന്നു.

പുലമ്പുന്ന ഭ്രാന്തിൻ കലിപ്പേച്ച് അർഥങ്ങളായി പുതു വഴി തേടേണ്ട ജീവിത കാഴ്ചയാണ്. മനുഷ്യബന്ധങ്ങളിൽ ക്രോധവും എടുത്തു ചാട്ടങ്ങളും അവിവേകവും വരുത്തുന്ന വിനകളെ കരുതിയിരിക്കാനുള്ള കവിയുടെ മുന്നറിയിപ്പാണ്. അതിനപ്പുറം കവിത ഭ്രാന്തൻ ജല്പനങ്ങളാവാതിരിക്കാനുള്ള ജാഗ്രത കൂടിയാവണം എന്ന കരുതലാണ്.

എന്തെല്ലാം കരിഞ്ഞുണങ്ങിയാലും കിനാവായി തന്‍റെ കാവ്യം / ജീവിതം പൂക്കുമെന്ന ഉൽക്കടമായ ആത്മവിശ്വാസം കവി വച്ചുപുലർത്തുന്നു. കരളകം നീറ്റുന്ന ദു:ഖങ്ങളിലും പുതുനാമ്പിനായി, പച്ചപ്പിനായി വിതയ്ക്കുന്ന ഭാവിയാണ് തന്‍റെ കവിത. വേദനയിലും കവിതയെന്ന പാട്ടു വിതയ്ക്കാൻ കഴിവുള്ള കർഷകനാണ് കവി.

ഭൂമിയിലെ ജീവിതമാകുന്ന കരക്കാറ്റ് മനസ്സിലാകെ തിരക്കോളുകൾ സൃഷ്ടിക്കുകയാണ്. പെയ്തു തിമിർക്കാതിരിക്കാനാവില്ലെങ്കിലും, കവിതയിലൂടെ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങൾ സമാനഹൃദയങ്ങളിൽ എത്തുന്നുണ്ടോ എന്ന ആശങ്ക കവിയ്ക്കുണ്ട്. എന്നിരുന്നാലും ജീവിതത്തിൽ കവിത  കിനാവസന്തം വിടർത്തുക തന്നെ ചെയ്യുമെന്ന ശുഭാപ്തി വിശ്വാസം അണയാത്ത നാളമായി ആളിപ്പടരുന്നു, വായനയിലൂടെ സഹൃദയചിത്തത്തിലും..

ഈ ലോകത്ത് സാന്ദ്രമായ, ആർദ്രമായ ഭാവത്തിലല്ലാതെ തനിക്ക് എഴുതാനും ചിന്തിക്കാനുമാകില്ലെന്ന് കവി ഉറപ്പിക്കുന്നു. ശാന്തിയും സമാധാനവും നഷ്ടപ്പെടുകയും വർത്തമാനകാലം കൊലവിളിയൊച്ചകളാൽ മുഖരിതമാവുകയും ചെയ്യുമ്പോൾ ഈ കവിത ആർദ്രതയുടെ ശാന്തി ഗീതമാവുന്നു ...

കവി വിശ്വാസിയാണ്, ആസ്തികനാണ്, മാണിക്യവീണയുമായി മരുവുന്ന അക്ഷരദേവതയായ സരസ്വതിയോട്  വരങ്ങൾക്കായുള്ള കാവ്യാർച്ചന കൂടിയാണ് ഈ കവിത. നന്മയുടെ വീണാനാദത്തിന്, ശബ്ദത്തിന് സാന്ദ്രഭാവമേ മീട്ടാനാവൂ. ഇന്നില്ലാത്തതും അതല്ലേ, ഈ സാന്ദ്രഭാവം. വലിയൊരു ഉത്തരവാദിത്തമായി കവി സ്വയം ജ്വലിച്ചേൽക്കുകയാണിവിടെ.

വാക്കുകൾ, മനസ്സും ജീവിതവും കീറിപ്പിളർക്കുന്ന ഇക്കാലത്ത് കവിതയുടെ കാതൽ ശ്രദ്ധേയം,
കരിമ്പിന്‍റെ മാധുര്യമോലുന്ന വാക്കിൻ,
വരമ്പത്തൊരൽപം വയൽക്കാറ്റു കൊള്ളാം
കരിമ്പിന്‍റെ മധുരിമ കിനിയുന്ന നാവിന്, ഉച്ചരിക്കുന്ന വാക്കിന്, നൻമയുടെ, കാരുണ്യത്തിന്‍റെ, മാനവികതയുടെ ഹൃദയം വേണം. അവിടെ നിന്നേ ഇത്തരം കവിതകൾ പിറവിയെടുക്കൂ...

കരിമ്പിന്‍റെ മധുരമുള്ള വാക്കും വയൽ കാറ്റിന്‍റെ തണുപ്പും നിറയ്ക്കാനായാൽ, വിതയ്ക്കാനായാൽ ജീവിതം ഏത് പ്രക്ഷുബ്ധതയിലും സമചിത്തമാവും, സ്വസ്ഥമാവും. ക്ഷോഭക്കടലിനെ ശാന്തമാക്കുന്ന, ഭൗതികലോകത്തിലെ വെപ്രാളങ്ങളെ  കരുണാർദ്രമാക്കാനുതകുന്ന ആത്മീയനുരാഗ ഗീതം കൂടിയാണ് വയൽക്കാറ്റുകൊള്ളാം എന്ന കവിത.

ഒരു  കാര്യം കൂടി എഴുതട്ടെ. വയൽക്കാറ്റുകൊള്ളാം എന്നു മാത്രമല്ല, വയൽ കാറ്റ് "കൊള്ളാം", അത് സമാനഹൃദയങ്ങളിൽ കൊള്ളും എന്നും തീര്‍ച്ചയാണ്.



വായന




No comments: